(Part-1)
"ട്രീൺ... ട്രീൺ..."
"ഈ നശിച്ച ഒരു ഫോൺ.. ആകെ ലീവുള്ള ഒരു ദിവസാ.. ഉറങ്ങാനും സമ്മതിക്കൂല..."
അവൻ ഫോൺ സൈലന്റ് ആക്കി വെച്ചിട്ട് വീണ്ടും കിടന്നു...
അഞ്ച് മിനുട്ട് കഴിഞ്ഞില്ല.. വീണ്ടും..
"ട്രീൺ.. ട്രീൺ.... ""
"ഒന്ന് എണീക്കെടാ . നല്ലൊരു ദിവസായിട്ട് പോത്ത് പോലെ കിടന്നുറങ്ങാ..."
പുറത്ത് നിന്ന് ഉമ്മയുടെ പിറുപിറുപ്പ്...
"എന്റെ പൊന്ന് ഉമ്മാ... ഇന്നല്ലേ എനിക്ക് ആകെ ഒഴിവുള്ളത്.. ഞാൻ കുറച്ച് നേരം കൂടെ ഉറങ്ങിക്കോട്ടെ..."
"ആ . എന്നാ ന്റെ മോൻ കിടന്നുറങ്...
ഉപ്പ കുളിച്ചൊരുങ്ങി പൊന്ന് മോനേം കാത്ത് നിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി.... ഓളെ വീട്ടിൽ പോകേണ്ടേ ഇങ്ങക്ക്.."
അവൻ ചാടി എഴുന്നേറ്റു... പറഞ്ഞ പോലെ ഇന്ന് പോകണമല്ലോ...
" അടിച്ച ഉടനെ എണീക്കാൻ വേണ്ടിയല്ലേ ഞാൻ ഫോണിന്റെ റിങ്ടോൺ അലാറം ട്യൂൺ ആക്കി വെച്ചത്...എന്നിട്ടോ..അതും സൈലന്റ് ആക്കി വെച്ച് വീണ്ടും കിടന്നു.. ഒരു മാറ്റവും ഇല്ലല്ലോ എനിക്ക്...... ഒരു പാട് നാളായി ഞാൻ ആഗ്രഹിച്ച ദിവസം ആണ്... ഒരു സുബഹി പോലും നിസ്കരിക്കാതെ പോയാൽ എങ്ങനെ ശെരിയാകും.."
അവൻ മനസ്സിൽ സ്വയം ശപിച്ചുകൊണ്ട് വേഗം കുളിക്കാൻ ഓടി....
ഹോസ്റ്റലിൽ നിന്ന് പഠിച്ചത് കൊണ്ട് കുളിക്കാനും പല്ലുതേക്കാനൊന്നും അവന് കൂടുതൽ സമയം വേണ്ടി വരാറില്ല...
പത്ത് മിനുട്ട് എടുത്തില്ല.. അടുക്കളയിൽ ടേബിളിന്റെ മുന്നിൽ എത്തി കഴിക്കാനുള്ള ഫുഡ് കൊണ്ട് വരാൻ ഓർഡർ ചെയ്തു...
"ഇനി കുറച്ച് ദിവസം കൂടെ ഉണ്ടാവൊള്ളൂലോ എന്നോടുള്ള ഈ കല്പന... കല്യാണം കഴിഞ്ഞാൽ കാണാം.. ഓളോട് കല്പിക്കാൻ പോയാൽ ന്റെ മോൻ വിവരം അറിയും..."
സ്നേഹത്തോടെ ഉള്ള ഉമ്മയുടെ ശാസന അവനിൽ ഒരിത്തിരി നാണം ഉണ്ടാക്കി....
"എന്നാലൂം എന്റെ ഉമ്മാ... ഇങ്ങക്കും കൂടെ വന്നൂടെ ഞങ്ങളെ ഒപ്പം... ഇങ്ങളെ ഭാവി മരുമോളെ ഇങ്ങക്ക് കാണേണ്ടേ...?"
ഒരു കള്ളച്ചിരിയിൽ അവന് ചോദിച്ചു...
"ഓ... ഇയ്യ് ഇന്നന്നെ പോയി കൂട്ടികൊണ്ട് വരാനൊന്നും പോണില്ലല്ലോ... ഞങ്ങൾ പെണ്ണുങ്ങൾ എല്ലാരും കൂടെ പിന്നെ പോയി കണ്ടോണ്ട്...".
അവരുടെ സംസാരം തുടർന്നു... പൊതുവെ കഴിക്കാൻ ഇരുന്നാൽ ഇങ്ങനെ തന്നെയാണ്...
ഉമ്മയോട് കൂടെ കിട്ടുന്ന കുറച്ച് സമയമല്ലേ.. സംസാരിച്ചിരിക്കും...
രാത്രി എത്തുമ്പോ വൈകുന്നത് കൊണ്ട് വെറുതെ ഉമ്മാനേം ഉപ്പാനേം ബുദ്ധിമുട്ടിപ്പിക്കാറില്ല...
താൻ കുറെ വർഷങ്ങളായി കാത്തിരുന്ന ദിവസം ആയത് കൊണ്ടാകും... പൊതുവിലും സന്തോഷവാനായിരുന്നു അവൻ...
വേഗം കഴിച്ച് ഉമ്മനോടും യാത്ര പറഞ്ഞ് ഇറങ്ങി...
അപ്പഴാ കൂടെ ഡ്രൈവർ ആയിട്ട് വരാം എന്ന് പറഞ്ഞ സുഹൃത്തിനെ വിളിച്ചില്ലെന്ന് ഓർത്തത്... വേഗം ഫോൺ എടുത്തു അവനെ വിളിച്ചു...
"ഡാ നൗഷാദേ.. ഇറങ്ങാം നമുക്ക്.. ഇപ്പോ തന്നെ ഉച്ച ആകാറായി..."
"എടാ... ഞാൻ ഒന്ന് കുളിച്ചിട്ട് വരാടാ... എണീക്കാൻ വൈകിപോയി.. നിന്നോട് വിളിക്കാൻ പറഞ്ഞതല്ലാർന്നോ ഞാൻ "
നൗഷാദിന്റെ മറുപടി കേട്ട് ദേഷ്യം വന്നെങ്കിലും താൻ വിളിക്കാൻ മറന്ന് പോയതാണല്ലോ എന്നോർത്തു അവൻ ഒന്നും പറഞ്ഞില്ല..
"വേഗം റെഡി ആയി വാ.. ടൈം കുറെ ആയി.. ഒരു വീട്ടിക്ക് പോകുമ്പോ നേരത്തെ പോകണം.. ഇല്ലേൽ മോശാണ്..."
അതും പറഞ്ഞ് ഫോൺ കട്ട് ചെയ്ത് അവനേം നോക്കി ഇരിപ്പായി..
കൂടുതൽ സമയം ഒന്നും എടുത്തില്ല.. അവന്റെ വണ്ടിയുടെ ഹോൺ കേട്ടതും ഉപ്പാനേം വിളിച്ച് വേഗം റോഡിലിറങ്ങി നിന്നു..
അവന്റെ വണ്ടിയിലേക്ക് സൂക്ഷിച്ച് നോക്കി... എന്തോ ഒരു ഭംഗി കൂടുതൽ തോന്നി...
"ഇന്നലെ സർവീസ് കഴിഞ്ഞ് ഇറക്കിയതാണ്.. അതാകും..."
വണ്ടിയിലിരിക്കുന്ന നൗഷാദിനും കുറച്ച് ഭംഗി കൂടിയിട്ടുണ്ട്...
"ആ.. ഇന്ന് കുളിച്ചിട്ടൊക്കെ വന്നതല്ലേ... അതോണ്ടാകും.."
തന്റെ തോന്നലുകൾക്കെല്ലാം തന്റെ തന്നെ ഉത്തരങ്ങൾ കണ്ടെത്തി... ആരോടും ഒന്ന് ചോദിക്കാനും പറയാനും പോയില്ല...
ചിലപ്പൊ എല്ലാം എന്റെ തോന്നലുകളായിരിക്കും.. സന്തോഷം കൂടുതലുള്ള മനസ്സിന് കാണുന്നതൊക്കെ ഭംഗിയായി തോന്നുന്നതിൽ തെറ്റില്ലല്ലോ....
അവൻ വണ്ടിയിൽ കയറി ഇരുന്നു... ഇങ്ങനെയെല്ലാം ഒരു ദിവസം നടക്കണം എന്നാഗ്രഹിച്ചിരുന്നു... താൻ ആഗ്രഹിച്ചപോലെ തന്നെ കാര്യങ്ങൾ എല്ലാം നടക്കുന്നുണ്ട്... ഇനി ഇതെല്ലാം സ്വപ്നമാണെങ്കിലോ....
അവന്റെ ചിന്തകൾ കാടുകയറി..
"ഉപ്പാ... എന്നെ ഒന്ന് നുള്ളിയെ... ഇതൊന്നും സ്വപനം അല്ലാന്ന് ഉറപ്പിക്കാനാ..."
പെട്ടെന്ന് നൗഷാദ് വണ്ടി സഡൻ ബ്രേക്ക് ഇട്ട് നിർത്തി...
"ഇപ്പോ ഉറപ്പായില്ലേ നിനക്ക്.. സ്വപ്നം അല്ലെന്ന്..."
നൗഷാദിന്റെ ചിരിച്ച് കൊണ്ടുള്ള വാക്കുകൾ തന്നെ കളിയാക്കിയതാണെങ്കിലും അവനും കൂടെ ചിരിച്ചു...
എന്തായാലും ഇതൊന്നും സ്വപ്നം അല്ലെന്ന് അവന് ഉറപ്പായി....
യാഥാർഥ്യവും സ്വപ്നവും തമ്മിൽ വേർതിരിക്കാൻ ബുദ്ധിമുട്ടിയ അവൻ കാറിന്റെ മുൻസീറ്റിൽ ചാരി ഇരുന്നു....
അവർ
അവളുടെ വീട്ടിലേക്കുള്ള യാത്രയിലാണ്... വർഷങ്ങളായി കാണുന്ന സ്വപ്നം ഇന്ന് യാഥാർഥ്യമാവാൻ പോവുകയാണ്...
അവൻ സ്വപ്നത്തിലേക്ക് കൂപ്പ്കുത്തി....
(തുടരും)
AFSAL RASHID
1st Year B. Com Taxation
Al Shifa College of Arts and Science
Comments
Post a Comment