ഇരട്ടകൾ
ഓടി ഒന്നാമതെത്തിയെന്ന
അഹങ്കാരത്തെ തച്ചുടച്ചു
കൊണ്ടായിരുന്നു
എന്നോടൊപ്പമുള്ള
അവന്റെ തുടക്കം...
അനേകായിരങ്ങൾക്കൊപ്പം ഒരേ
ലക്ഷ്യവുമായി കുതിച്ച്
വിജയിയായി അത്ഭുതങ്ങളുടെ
കലവറയിലേക്ക് ഓടി കയറിയപ്പോൾ,
സംഭവ ബഹുലമായ ആ
ഓട്ട പന്തയത്തിൽ
എനിക്കു തുല്യനായി,
തന്നോടൊപ്പം വിജയം
പങ്കിടാൻ അവനുണ്ടായിരുന്നു...
എനിക്കു മാത്രമായ് കിട്ടിയ ലോകമെന്ന്
നിനച്ച നിമിഷങ്ങളുടെ ആനന്ദമെല്ലാം
അന്നേരം
പകൽ കിനാവ് കണ്ട് ഉടച്ചു കളഞ്ഞ
പാൽ പാത്രം പോലെ ശൂന്യമായി...
ഞാൻ മാത്രം ചേർന്ന് കിടക്കേണ്ട,
ഓരോ നിമിഷങ്ങളിലും ഞാൻ മാത്രം
തൊട്ടറിയേണ്ട
അമ്മയിലെ അത്ഭുത ലോകത്തെ
പങ്കിട്ടു കൊടുക്കേണ്ടി
വന്നതായിരുന്നെന്റെ ആദ്യ സങ്കടം...
വളർച്ചയിലൊക്കെയും എനിക്ക്
അമ്മയിൽ നിന്ന് കിട്ടേണ്ട
പോഷകത്തിന്റെ കൂടുതൽ പങ്കും
അവൻ കൈയ്യടക്കിയതിൽ പിന്നെ
അവനാണ് എന്നേക്കാൾ മികച്ചവനെന്ന്
പുറത്തുനിന്ന് ആരൊക്കെയോ അടക്കം
പറഞ്ഞു കേൾക്കാമായിരുന്നു..
എനിക്കു തൂക്കമില്ലത്രേ..
ഞാൻ ദിവസത്തിനൊത്തു
വളരുന്നില്ലെന്ന്...
അന്നാദ്യമായി എനിക്കവനോട്
വല്ലാത്ത ദേഷ്യം തോന്നി...
അവന്റെ സാന്നിദ്ധ്യത്തിൽ
ഞെരുങ്ങി കഴിഞ്ഞൊടുക്കം
സ്വസ്ഥമായി വിഹാരിക്കേണ്ട
പത്തുമാസക്കാലം മുഴുവനാവും മുമ്പേ
സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ട
ആദംഹാവ്വായെ പോലെ ഞങ്ങൾ
പുതിയ ലോകത്തേക്ക് പറിച്ചു നടപ്പെട്ടു...
നോവേറെ അമ്മക്ക് നൽകി
വാവിട്ട് കരഞ്ഞു എന്റെ പിറവി
അറിയിച്ചപ്പോഴും,
ആ നിമിഷമെന്റെ അമ്മയുടെ
ചൊടിയിൽ വിരിഞ്ഞ പുഞ്ചിരിയെ
നോക്കി കാണുമ്പോഴും അവൻ
എന്നോടൊരുമിച്ചുണ്ടായിരുന്നു...
നിണവും നീരും അമ്മ പാലമൃതാക്കി
ചുരത്തിയപ്പോൾ
കൊതി തീരെ നുണഞ്ഞിറക്കാൻ
സമ്മതിക്കാതെ വീണ്ടും അവനെനിക്ക്
വെല്ലുവിളിയായി...
ബാല്യം മുഴുവൻ ഞങ്ങൾ മത്സരിച്ചു
കുറുമ്പും കുസൃതിയും കാട്ടി...
പരസ്പരം വഴക്കും കയ്യേറ്റവുമായി
പ്രിയപ്പെട്ടവരുടെ സമയങ്ങൾ അപഹരിക്കാനും,
ക്ഷമയെ പരീക്ഷിക്കാനും,
രാവുകൾ പകലുകളാക്കി അമ്മയുടെ
ഉറക്കം നിഷേധിക്കാനും
അറിയാതെയെങ്കിലും ഞങ്ങൾ
ഒറ്റക്കെട്ടായി...
പാരവെച്ചും മത്സരിച്ചും പോരടിച്ചും
വളർന്നു തുടങ്ങിയതിൽ
പിന്നീടെപ്പോഴോ
അവനെനിക്കത്രമേൽ
പ്രിയപ്പെട്ടവനായി...
എന്തിനും ഏതിനും പങ്കു പറ്റാനെത്തിയ
അവനോട് തോന്നിയ
കുഞ്ഞു മനസ്സിലെ കുശുമ്പ്
കറ്റഴിച്ചു വിട്ട ബലൂൺ പോലെ
എങ്ങോ മാഞ്ഞു പോയി...
അവനെന്റെ 'കൂടപ്പിറപ്പ്' അല്ല
എന്നോട് കൂടെ പിറന്നവൻ ആണെന്ന്
അറിവായതു മുതൽ അഭിമാനത്തോടെ
ഞങ്ങൾ ഇരട്ടകളാണെന്ന് പറഞ്ഞു
ഹൃദയത്തിൽ ചേർത്തു വെച്ച് തുടങ്ങി...
അടിപിടികൾ മുറ പോലെ നടക്കുമ്പോഴും
മറ്റൊരാളാൽ അവൻ വേദനിക്കുന്നതോ
വിഷമിക്കുന്നതോ അംഗീകരിക്കാൻ
മനസ്സു മടി കാണിക്കാൻ തുടങ്ങി...
അവന്റെ സന്തോഷങ്ങളും നോവുകളും
എല്ലാമെല്ലാം എന്റേതു കൂടിയാണെന്നു
അറിഞ്ഞു തുടങ്ങി...
എങ്കിലും അവനെ കണ്ടു പടിക്ക്,
അവനെ പോലെ നടക്ക്, അവനും കൂടെ വെക്കണേ എന്നൊക്കെയുള്ള താരതമ്യ
വാക്കുകളിൽ
പിറവി മുതൽ അവനോടുണ്ടായിരുന്ന
ആ കുഞ്ഞു കുശുമ്പ്
അറിയാതെ എത്തിനോക്കി
പോവാറുണ്ട്...
എങ്കിലും,
ജീവന്റെ ഓരോ ഘട്ടങ്ങളിലും
എന്നോട് ചേർന്നുണ്ടായിരുന്ന,
പ്രാണ വായു പോലും പങ്കിട്ടെടുത്ത
അവനോളം
പ്രിയപ്പെട്ടതെന്തുണ്ട്?
അതേ ഇരട്ടകളാണ്...
എന്നെന്നും
ഇരുട്ടിലാക്കാതെ
ചേർന്നു നിൽക്കണം...
AFSAL RASHID
1st Year B. Com Taxation
Al Shifa College of Arts and Science
Comments
Post a Comment