വലിയൊരു മഴ പെയ്തു തോർന്നിട്ടും റൈഹു വിന്റെ ശരീരത്തിലെ ചൂടും വിയർപ്പും വിട്ടു മാറിയിട്ടില്ല..അടുക്കളയിലെ കറുത്തിരുണ്ട ചുവരുകൾക്കിടയിൽ ഒരു ഇരുണ്ട രൂപമായി പുകഞ്ഞു പൊന്തുന്ന അടുപ്പിൽ വെച്ച ചട്ടിയിൽ നിന്നും അവൾ പപ്പടം വറുത്തു കോരുകയായിരുന്നു...എന്നും കരിയും പുകയും,ഇരുട്ടും,വേദനയും ഏറ്റു വാങ്ങി അവളുടെ ഹൃദയവും ഇരുണ്ടു പോയത് കൊണ്ടാവാം അവളുടെ മുഖത്തു പ്രതേകിച്ചു ഭാവങ്ങളൊന്നും വിരിയാറില്ല.....എങ്കിലും ചൂടേറി ചൂടേറി ഇതിരിയേറെ ചുവപ്പു കളറിൽ എണ്ണയിൽ നിന്നും പൊന്തി വരുന്ന പപ്പടത്തിനു തന്നെക്കാൾ ഭംഗിയുണ്ടെന്നു അവൾ ശ്രദ്ധിക്കാറുണ്ട്...
മഴ പെയ്യുന്ന ദിവസ്സങ്ങളെല്ലാം അവളെ സംബസന്തിച്ചിടത്തോളം മഴക്കാലമാണ്... മഴയില്ലാത്ത ദിവസ്സങ്ങളെല്ലാം അവൾക്കു വേനൽ കാലമാണ്......ഒരു പെണ്ണിന്റെ സ്വപ്നങ്ങളും...വികാരങ്ങളും..മോഹങ്ങളും തിറിച്ചറിയാത്ത മരുഭൂയിലെ ആട് കണക്കനെ ഉള്ള മനുഷ്യന്മാർക് പല തരത്തിലുള്ള വിഭവങ്ങൾ വെച്ചും വിളമ്പിയും എച്ചില് വാരിയുമുള്ള ഒരു ദിവസത്തിന്റെ അങ്ങേ തലകലുള്ള തളർച്ചയും,,,എല്ലാത്തിനും ഒടുവിൽ കെട്ട്യോന്റെ സുഖം കണ്ടത്താനുള്ള പരാക്രമങ്ങൾക്കും ഒടുവിൽ തളർന്നുറങ്ങാൻ കിട്ടുന്ന മൂന്നു നാലു മണിക്കൂറിൽ അരിച്ചെത്തുന്ന തണുപ്പിനെ തൊട്ടറിയാൻ കഴിഞ്ഞാൽ അതവൾക് തണുപ്പ് കാലവും ആണ്...അത്രമേൽ കറുത്തിരുണ്ട വേരുകളോടെ അവൾ ആ അടുക്കളയിൽ ആഴ്ന്നിറങ്ങിയിരുന്നു.......
ആളികത്തുന്ന അടുപ്പിൽ നിന്നും ചുട്ടുപൊള്ളുന്ന ചട്ടി ഒരുകരിപ്പിടിച്ച തുണി കൊണ്ടവൾ വാങ്ങി വെച്ചു...വീണ്ടും വലിയൊരു വിറകു മുട്ടി അവൾ അടുപ്പിലേക് തിരുകി വെച്ചു...തന്നെക്കാൾ വലിപ്പമുള്ള കരിപിടിച്ച വലിയൊരു അലൂമിനിയം കുടുക്ക ഒരൊറ്റ ഊക്കിന് പൊക്കിയവൾ അടുപ്പിൻ കല്ലിൽ വെച്ചു..വല്ലാത്തൊരു തരിപ്പ് പിടിച്ച വേദന പേറ്റു നോവാൽ വയറു കുത്തികീറാൻ സൂചി കുത്തികേറ്റിയ നട്ടെല്ലിലൂടെ പാഞ്ഞു കേറി....അനുഭവിച്ചു അനുഭവിച്ചു ആ വേദനയും ശരീരത്തിന്റെ ഒരു ഭാഗമായി മാറിയിട്ടുണ്ടായിരുന്നങ്കിലും അറിയാതൊരു കൈ താങ് ഇടുപ്പിൽ അവൾ കൊടുത്തു പോയി....കെട്ടിയോന്റെ ഉപ്പാക്ക് കുളിക്കാനുള്ള വെള്ളമാണ്....ഇനി ഇച്ചിരി മാവിലയും...പ്ലാവിലയും..കമ്മ്യൂണിസ്റ്റ് അപ്പച്ചെടിയുടെ ഇലയും പെറുക്കി കൂട്ടി കൊണ്ടു വന്നു വെട്ടി തിളപ്പിക്കണം..തിളച്ചു തിളച്ചു വെള്ളം കുഴമ്പു രൂപത്തിൽ ആയിട്ടില്ലങ്കിൽ കുറേ പൈസ മുടക്കി വയറു കുത്തികീറി യിട്ടും അനന്തരവകാശിയായി ഒരു ആണ്കുഞ്ഞിനെ കൊടുക്കാത്തത്തിന്റെ പ്രാക് കേൾക്കേണ്ടി വരും....പേടിയണവൾക്...പേടിച്ചു പേടിച്ചു ഹൃദയം ഇടത്തെ ഭാഗത്തിന്റെ ഒരു മൂലയിലേക്കു ചുരുങ്ങി പോയിരിക്കുന്നു...
തറയും വടിയും തമ്മിൽ കൂട്ടി മുട്ടുന്ന ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കി....
വല്ലിമ്മയാണ്....
ഈ ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ തന്നോട് കരുണ കാണിക്കുന്ന പച്ചപ്പിന്റെ ഹൃദയമുള്ള ഒരാട്... അത് വല്ലിമ്മ മാത്രമാണ്....
""റൈഹോ.... കൊറച്ചു ചോറ് വെളമ്പിക്ക.. ഇജ്ജും ഇരുന്നോ...കയ്ച്ചിട്ടില്ലല്ലോ ഇജ്ജ്...??""".
കുത്തിപിടിച്ച വടി ഒരു മൂലയിൽ വെച്ചു പലകയിട്ടു ചുമര് ചാരി ഇരിക്കുന്നതിനിടയിൽ അവര് പറഞ്ഞു..
"ഇങ്ങള് കൈചോളി.... ഞാൻ പിന്നെ കൈചോള...ഓരൊന്നും കയ്ച്ചിട്ടില്ല..."''.
അവൾ അടുക്കി വെച്ച പാത്ര തട്ടിൽ നിന്നും പാത്രങ്ങളെടുത്തു.. ഇച്ചിരി നേരം അവർക്കിടയിൽ ഒരു സുഖമുള്ള മൗനം കടന്നു വന്നു..പാത്രങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു അപ്പോഴെല്ലാം..
""ഇങ്ങളെന്തേ വല്ലിമ്മ ...വലിപ്പ അത്രയേറെ ചവിട്ടും കുത്തും ചെയ്തിട്ടും ഉപദ്രവിച്ചിട്ടും ഇങ്ങളെ കുടീക്കു അന്ന് തിരിച്ചു പോവാഞ്ഞത്..??..മരിക്കാതെ ഇത്രേം കാലം ജീവിച്ചത്..??"".
ചോറ് വിളംബി കൊടുക്കുന്നതിനിടയിൽ റൈഹു ചോദിച്ചു..
""ചെറിയ കുട്ടിയായപ്പഴേ ഇഞ്ഞേ ഇവിടെ കെട്ടികൊണ്ടു വന്നിട്ടില്ലേ...??.തിരിച്ചു പോകാൻ അന്ന് വയി അറിയൂലായിനിം...തിരിച്ചു പോകാൻ പറ്റും എന്നും അറിയൂലായിനിം.. മരിക്കാനും ഞമ്മക്ക് തിരിയൂലായിനിം..""'
അവർ കഴിക്കുന്നത് നിർത്തി ഒരു ദീർഘ ശ്വാസം വിട്ടു...
"വല്ലിപ്പാന്റെ അടികൊണ്ടു തൊള്ളീന്നും..മുക്കീന്നും പൈപ് തൊറന്ന കണക്കെ ചോര വരുമ്പോയും ആരോടും ഒന്നും പറയാനില്ലാതെ അടുക്കളില് ഒരു മൂലേല് അങ്ങിനെ നീറി പുകഞ്ഞു...മൂപ്പർക്ക് ആരോഗ്യം ബെക്കാൻ കഞ്ഞീം കൂട്ടാനും വെച്ചു വിളമ്പി..അതിനിടയിൽ പത്തണ്ണതിനെ പെറ്റു....ഒരു കൊതുകിന്റെ മാതിരി ഞമ്മളെ ആരോഗ്യക്കേ ഊറ്റി കുടിച്ചു ആവതില്ലാതായപ്പോ മൂപ്പര് വേറെ മൊഞ്ചുള്ള പെണ്ണിനേം കെട്ടി..ഈ പത്തു തൊണ്ണൂറ് കൊല്ലത്തിനിടക് ഞമ്മള് ജീവിച്ചോ എന്നുള്ളത് ഞമ്മക് തിരിയാത്ത കാര്യമാണ്...""'...
റൈഹു അവരുടെ കണ്ണിലേക്ക് നോക്കി...സ്വപ്നങ്ങൾ വറ്റി പോയത് പോലെ കണ്ണീരും വറ്റി പൊയ്ക്ക് ണ്.... കരയാൻ പോലും മറന്ന മറ്റൊരു ആട് ജീവിതം...
തനിക്കു പോവായിരുന്നു....വീട്ടിലേക്കുള്ള വഴിയും...മരിക്കാനുള്ള പല വഴിയും....ഡിവേഴ്സിനെ കുറിച്ചും ഒക്കെ തനിക്കറിയായിരുന്നു..എന്നിട്ടും ഈ മരുഭൂമിയിൽ നിന്നും തനെന്തേ തിരിച്ചു പോയില്ല.....ഒരു ബ്ലേഡിന്റെ മൂർച്ചയിലോ..കയറിന്റെ തുമ്പതോ ഈ വെള്ളം കാണാത്ത ആടുജീവിതം അവസാനിപ്പിച്ചില്ല...ഉത്തരം ഒന്നേ ഒള്ളു..
"തണുത്തു മരവിച്ച ഗർഭപാത്രത്തിൽ ജനിച്ച മൂന്നു പൈതങ്ങളെ ഓർത്തിട്ടു മാത്രം..""
മരിക്കാൻ പോലും പറ്റാതെ അങ്ങിനെ ചത്തു ജീവിക്കാം ഈ മരുഭൂമിയിൽ............
ശബ്‌ദിക്കുന്ന ഫോണുമായി മൂത്തമോൾ ഓടി വന്നപ്പോൾ ചാടിപിടിച്ചു റൈഹു ഫോണ് വാങ്ങി..
തെളിഞ്ഞു കത്തിയ പേര് കണ്ടപ്പോൾ ചൂടേറ്റ് ഉരുകിപോയ കണ്പീലികൾ നിവർന്ന് നിൽക്കുന്നതായും ചുക്കി ചുളിഞ്ഞ കവിളുകൾ ചുവക്കുന്നതായും തോന്നി...
അല്പം മാറി നിന്നു ഒരു പ്രണയിനിയായി അവൾ സംസാരിക്കുമ്പോൾ തന്റെ ജീവിതത്തിൽ നിന്നും ആരൊക്കെയോ ചീന്തിയെടുത്ത കൗമാരമെന്ന ഏടിൽ കവിതകൾ വിരിയുന്നത് അവൾ നോക്കി കണ്ടു..
അവിഹിതം എന്ന പേരിട്ടു സമൂഹം വിളിക്കുന്ന അവളുടെ പ്രണയത്തിന് നീണ്ട 25 വർഷത്തെ ആട് ജീവിതത്തിന്റെ ചൂരും മണവും നീക്കാനുള്ള ശക്തി ഉണ്ടായിരുന്നു....കരിഞ്ഞുണങ്ങിയ അവളുടെ ഹൃദയത്തിൽ നിന്നും പുകക്കു പകരം പ്രണയത്തിന്റെ ഗന്ധം നുരഞ്ഞു പൊന്തി...ശരിയുടെയും തെറ്റിന്റെയും കണക്കെടുക്കാതെ മരുഭൂമിയിലെ ആ പച്ചപ്പിന്റെ തണലിൽ താൻ സുരക്ഷിതയാണോ എന്നൊന്നും ചിന്തിക്കാതെ ഒരു പ്രണയിനിയായി അവൾ കവിതകൾ കുറിച്ചു കൊണ്ടിരുന്നു.....
*FASEELA KP*
III Sem B Com Finance
Al Shifa College of Arts and Science
Perinthalmanna
Malappuram
Comments
Post a Comment