കൂടണയാൻ വൈകിയ പറവകൾ മരക്കൊമ്പുകളിൽ ചേക്കേറുമ്പോൾ...
ഇരുളിന്റെ വിരുന്നുകാരനായി അവൻ വന്നിറങ്ങി..
നിലാവ്..
പൂർണ്ണചന്ദ്രന്റെ പ്രഭാപൂരിതമായ വെള്ളിനിലാവ്. അത്താഴം കഴിച്ച് എല്ലാവരും കിടന്നെന്ന് ഉറപ്പുവരുത്തി അവൾ ജാലകത്തിന്റെ അരികിൽ വന്നിരുന്നു...
തുറന്നിട്ട ജാലകത്തിലൂടെ ഒഴുകിയെത്തുന്ന നിലാവിന്നഭിമുഖമായി അവളിരുന്നു...
അനുപമ…
അവളേറെ മോഹിയ്ക്കുന്നതും ആ നിലാവിനെ മാത്രമാണ്... ശാന്തമാണ്…
സുന്ദരമാണ്...
അനിർവ്വചനീയമാണ്.
നിലാവു വീണുകിടക്കുന്ന പാടശേഖരങ്ങളും തെങ്ങിൻ തോട്ടവും തോടും...അതിനുമപ്പുറം റെയിൽപ്പാതയും കുന്നിൻ ചെരിവും... എല്ലാം നിലാവിൽ മുങ്ങിക്കുളിച്ച് കിടക്കുന്നത് അനുപമ തുറന്നിട്ട ജാലകത്തിലൂടെ നോക്കിക്കണ്ടു. ഇഷ്ടമാണവൾക്ക് ആ നിലാവിനെ.
നേരം പുലരുവോളം കൊതിതീരാതെ കാണുവാൻ ആശയുണ്ടെങ്കിലും ഉറക്കം അനുപമയെ എപ്പോഴോ കീഴടക്കിയിരിയ്ക്കും..
തോളിൽ തൂക്കിയ ബാഗും മുഷിഞ്ഞ യൂണിഫോമുമായി സ്കൂളിൽ നിന്നും മടങ്ങിയെത്തിയാൽ അനുപമയ്ക്ക് രാത്രിയാവാൻ വേണ്ടിയുള്ള പ്രാർത്ഥന മാത്രമേയുള്ളൂ. നിലാവിനോടുള്ള അനുപമയുടെ പ്രേമം ആരോരുമറിഞ്ഞില്ല.
അവളായിട്ട് ആരേയും അറിയിച്ചില്ല. കറുത്തവാവിലെ ഇരുട്ടിനെ അനുപമ ശപിച്ചു…..
Wafa Mol
Second Semester B. Com Finance
Al Shifa College of Arts and Science
Comments
Post a Comment